Tuesday, June 7, 2011

മഴ


നിനയാത്ത നേരത്ത് കാലത്തിനൊപ്പമായ്
മഴ പോലെ നീയെന്റെ മുന്നിലെത്തി,
മഴ സ്നേഹമെന്നന്നറിഞ്ഞു ഞാൻ
പിന്നെ,സ്നേഹം കുളിരെന്നറിഞ്ഞു.

കനൽപോലെ പൊള്ളുന്നോരെന്നുള്ളിലന്നു നീ
പ്രണയമഴയേറെച്ചൊരിഞ്ഞു.
അകലുവാനാകാതെയന്നു ഞാനത്രമേൽ
ആ സ്നേഹമഴയിൽ നനഞ്ഞു.

പൂന്തെന്നൽ,പൂത്തുമ്പി,പൂത്തിരു
വാതിര..
എത്ര പേർ ചൊല്ലി വിളിച്ചു,
നിൻ മെയ്യിൽ,
എത്ര ഞാനീണങ്ങളിട്ടു.

പൂമണം,പൊന്നോണം,പൂനിലാരാവുകൾ
എത്ര നീ കാഴ്ച്ചകൾ തന്നു,
എന്നിൽ നീ
എത്ര വസന്തങ്ങൾ ചാർത്തി...

ഹരിതാഭ നിറയാതെ,വർഷവും തീരാതെ
വർഷമേഘങ്ങളകന്നതെന്തേ..
ഇന്നീ കനൽക്കാറ്റുമേറ്റുഞാനാശിപ്പു
ഒരു വർഷ കാലത്തിനായി..
എന്നിലൊരു കാലവർഷത്തിനായി.

Monday, February 1, 2010

അവള്‍ പറഞ്ഞു...

അവള്‍ പറഞ്ഞു...

നീയിനി പ്രണയത്തെപ്പറ്റി ഉരിയാടരുത്.
എസ്.എം.എസ്.അയക്കരുത്,
എന്റെ മുന്നിലൊരിക്കലും വരരുത്.
കാരണം,
അപ്പോള്‍ എന്റെ കൈകള്‍ അവനെ തേടുന്നു
കണ്ണുകള്‍ അനന്തതയില്‍ തിരയുന്നു
ഓര്‍മ്മകള്‍ അവന്റെ മാറിടത്തിനായ് കൊതിക്കുന്നു
ഞാന്‍ എന്നെ മറന്നു പോകുന്നു
പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു.

Sunday, January 24, 2010

കേവലമൊരു സിം കാര്‍ഡ്

നിനക്ക് ഞാനൊരു സിം കാര്‍ഡ് മാത്രമായിരുന്നു
സൌഹൃദം പ്രണയം എന്ന കമ്പോളപ്പേരുകളില്‍
നീ അവ മാറ്റിമാറ്റിയിട്ട് നിര്‍വ്വചിച്ചു.

ഒരു കശാപ്പുകാരന്റെ കത്തിയാലെന്ന പോല്‍
നിന്റെ ചെയ്തികളെന്നെ കീറിമുറിക്കുന്നു.
ഹൃദയം ഒരിക്കലും അണയാത്തൊരു കനലടുപ്പ്.
നിന്റെ വാക്കുകളവയെ ഊതിക്കത്തിക്കുമ്പോള്‍

അനന്ത കാലം നീറി നീറി, ഒടുവില്‍
ചാരമായ് തീരുന്നതിന്‌ മുന്‍പ് ചോദിക്കട്ടെ...

വാക്കുകളെ വെറുതെ ഉപേക്ഷിക്കാതെ
നിന്റെ ശ്വാസനിശ്വാസങ്ങള്‍ കേട്ട്
നിശബ്ദം, വെറുതെ നിന്നോട്ടെ ഞാന്‍...
കേവലമൊരു ഫോണ്‍ കോള്‍ പോല്‍
ക്ഷണികമാം ഈ ജീവിതം മുഴുവന്‍...?