Tuesday, June 7, 2011

മഴ


നിനയാത്ത നേരത്ത് കാലത്തിനൊപ്പമായ്
മഴ പോലെ നീയെന്റെ മുന്നിലെത്തി,
മഴ സ്നേഹമെന്നന്നറിഞ്ഞു ഞാൻ
പിന്നെ,സ്നേഹം കുളിരെന്നറിഞ്ഞു.

കനൽപോലെ പൊള്ളുന്നോരെന്നുള്ളിലന്നു നീ
പ്രണയമഴയേറെച്ചൊരിഞ്ഞു.
അകലുവാനാകാതെയന്നു ഞാനത്രമേൽ
ആ സ്നേഹമഴയിൽ നനഞ്ഞു.

പൂന്തെന്നൽ,പൂത്തുമ്പി,പൂത്തിരു
വാതിര..
എത്ര പേർ ചൊല്ലി വിളിച്ചു,
നിൻ മെയ്യിൽ,
എത്ര ഞാനീണങ്ങളിട്ടു.

പൂമണം,പൊന്നോണം,പൂനിലാരാവുകൾ
എത്ര നീ കാഴ്ച്ചകൾ തന്നു,
എന്നിൽ നീ
എത്ര വസന്തങ്ങൾ ചാർത്തി...

ഹരിതാഭ നിറയാതെ,വർഷവും തീരാതെ
വർഷമേഘങ്ങളകന്നതെന്തേ..
ഇന്നീ കനൽക്കാറ്റുമേറ്റുഞാനാശിപ്പു
ഒരു വർഷ കാലത്തിനായി..
എന്നിലൊരു കാലവർഷത്തിനായി.